Sunday, February 22, 2009

ഞാനുറങ്ങുമ്പോള്‍

ഞാനൊന്നുറങ്ങുകയാണിനി നിങ്ങള്‍ക്ക്
കാഴ്ച്ചയായെന്നെ ഞാന്‍ നല്‍കാം,
കണ്‍ പീലി മെല്ലെ അടച്ചു ഞാന്‍ നിദ്രയെ
ഗാഢംപുണര്‍ന്നു മയങ്ങാം
നിദ്രയുടെ മറവിയില്‍ നിന്നുമുണരുംവരെ
മൌനമായ് നിങ്ങള്‍ക്കിരിക്കാം
നിമിഷങ്ങള്‍ തോറും വസന്തം വിടര്‍ത്തുന്ന
സ്വപ്നങ്ങള്‍ കണ്ടേയിരിക്കാം
ഞാനെന്‍ കിനാക്കളോടോത്ത്പായുന്നതെന്‍
കണ്ണിമയില്‍ നിങ്ങള്‍ക്ക് കാണാം
അരുവിയോടൊത്തു ഞാന്‍ പാട്ടുപാടുന്നതെന്‍
ചുണ്ടനക്കങ്ങളായ് കാണാം.
നിദ്രയെന്‍ കൈകളെ ചുംബിച്ചു ചുംബിച്ചു
വിടതരു‌ എന്ന് ചൊല്ലുമ്പോള്‍
കണ്‍ കോണിളക്കി, കരാംഗുലി വിടര്‍ത്തുമെന്‍
അസ്വസ്ഥ ഭാവവും കാണാം...
ഞാനുറങ്ങുമ്പോള്‍ മറക്കുക നിങ്ങള്‍ക്ക്
ഞാന്‍ തന്ന വേദനയെല്ലാം
പുതിയ ലോകങ്ങളില്‍ പാറുക സഖാക്കളെ
ഉഷസ്സുപോല്‍ ഞാന്‍ ഉണരുവോളം....