Saturday, October 17, 2009

പ്രതീക്ഷയുടെ ആയുസ്സ്‌

പ്രതീക്ഷ ... അത് നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കും.
ഒരുകൂട്ടം ആള്‍ക്കാര്‍ ഒന്നിച്ചു പ്രതീക്ഷിക്കുമ്പോള്‍ അത് പ്രാര്‍ത്ഥന ആവുന്നു. അപ്പോള്‍ പ്രാര്തനയില്‍നിന്നും എന്തുണ്ടാവും? നന്മയോ തിന്മയോ? പ്രതീക്ഷയുടെ ആയുസ്സ്‌ കുറഞ്ഞിരിക്കണം, എങ്കിലേ അത് പ്രതീക്ഷ ആവൂ... അങ്ങനെ ഒരിക്കല്‍, ഒരുകൂട്ടം ആള്‍ക്കാര്‍ ഒരു കാര്യത്തിനെ അല്ലെങ്കില്‍ ഒരു നല്ല കാര്യത്തിനെ കാത്തിരുന്നു... മറ്റൊന്നുമല്ല, ഒരു ടിക്കറ്റ്‌ സ്ഥിരീകരിച്ചു (confirm) കാണാന്‍. അത് ഒരാളെ അല്ലെങ്കില്‍ ഒരു കുടുംബത്തെ എങ്ങോട്ടോ പറഞ്ഞയക്കാനായിരുന്നോ, അല്ലെങ്കില്‍ ഒഴിവാക്കി കിട്ടാനായിരുന്നോ എന്നൊന്നും ചോദിക്കരുത്‌....! എല്ലാവര്ക്കും ആവശ്യം ആ ടിക്കറ്റ്‌ സ്ഥിരീകരിക്കണേ എന്നായിരുന്നു....
ഒരാളില്‍ തുടങ്ങിയ കാത്തിരുപ്പ്‌ ഒടുവില്‍ ഒരു കൂട്ടം ആള്‍ക്കാരുടെ കാത്തിരിപ്പായി മാറി. അതൊരു പ്രാര്‍ത്ഥന ആയി.... ഒടുവില്‍ അത് വീണ്ടും ഒരാളിലേക്കു തന്നെ ഒടുങ്ങി... !! പക്ഷെ, കൂട്ടം നഷ്ടപ്പെട്ടിട്ടോ, ഒറ്റപ്പെട്ടിട്ടോ, അയാള്‍ ആ പ്രതീക്ഷക്കു വിരാമമിട്ടു. പ്രാര്‍ത്ഥന നിറവേറിയിരുന്നെങ്കില്‍ പോലും അതിന്റെ പ്രയോജനം കിട്ടാതെ വരുമെന്ന് കണ്ടപ്പോള്‍ അയാള്‍ ആ പ്രതീക്ഷ സ്വയം അവസാനിപ്പിച്ചു: ആ ടിക്കറ്റ്‌ വേണ്ടെന്നു വച്ചു,....., ആ യാത്രയും..... 

Sunday, February 22, 2009

ഞാനുറങ്ങുമ്പോള്‍

ഞാനൊന്നുറങ്ങുകയാണിനി നിങ്ങള്‍ക്ക്
കാഴ്ച്ചയായെന്നെ ഞാന്‍ നല്‍കാം,
കണ്‍ പീലി മെല്ലെ അടച്ചു ഞാന്‍ നിദ്രയെ
ഗാഢംപുണര്‍ന്നു മയങ്ങാം
നിദ്രയുടെ മറവിയില്‍ നിന്നുമുണരുംവരെ
മൌനമായ് നിങ്ങള്‍ക്കിരിക്കാം
നിമിഷങ്ങള്‍ തോറും വസന്തം വിടര്‍ത്തുന്ന
സ്വപ്നങ്ങള്‍ കണ്ടേയിരിക്കാം
ഞാനെന്‍ കിനാക്കളോടോത്ത്പായുന്നതെന്‍
കണ്ണിമയില്‍ നിങ്ങള്‍ക്ക് കാണാം
അരുവിയോടൊത്തു ഞാന്‍ പാട്ടുപാടുന്നതെന്‍
ചുണ്ടനക്കങ്ങളായ് കാണാം.
നിദ്രയെന്‍ കൈകളെ ചുംബിച്ചു ചുംബിച്ചു
വിടതരു‌ എന്ന് ചൊല്ലുമ്പോള്‍
കണ്‍ കോണിളക്കി, കരാംഗുലി വിടര്‍ത്തുമെന്‍
അസ്വസ്ഥ ഭാവവും കാണാം...
ഞാനുറങ്ങുമ്പോള്‍ മറക്കുക നിങ്ങള്‍ക്ക്
ഞാന്‍ തന്ന വേദനയെല്ലാം
പുതിയ ലോകങ്ങളില്‍ പാറുക സഖാക്കളെ
ഉഷസ്സുപോല്‍ ഞാന്‍ ഉണരുവോളം....

Friday, January 30, 2009

ദേഷ്യം വരുമ്പോള്‍

ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു..... പിന്നെ കുറെ നടന്നു..... ടി. വി. തുറന്നു ഏതൊക്കെയോ ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ഒന്നും ഇഷ്ടമായില്ല... ഒടുവില്‍ വീട്ടില്‍ നിന്നിറങ്ങി....... നടക്കുന്നതെങ്ങോട്ടെന്നില്ലാതെ..., പക്ഷെ എവിടെ എങ്കിലും എത്തും..... !!!! എല്ലാ നടത്തങ്ങളും ഒരിടത്ത് ചെന്നെത്തും ... അതെവിടെ എന്ന് മാത്രം മുന്‍കൂട്ടി പറയാന്‍ ആവില്ല ..... അങ്ങനെ ഞാന്‍ എത്തിയത്, പ്രിയപ്പെട്ട കടല്‍ക്കരയില്‍.... ആശ്വാസം വേണ്ടുംപോഴെല്ലാം അവിടെ കിട്ടിയിട്ടുണ്ട്.. ....

തിരകള്‍ ഒന്നിന് പിറകെ ഒന്നായി തീരതത്തിനെ എന്തെല്ലാം ചെയ്യുന്നു????? ചിലപ്പോള്‍ ഒരു ചെറിയ തലോടല്‍, എന്നിട്ട് തിരിച്ചു പോകുന്നു... തിരികെ പോകുമ്പൊള്‍ തീരത്തിന്റെ മാറില്‍ കുറെ കണ്ണീര്‍ കണങ്ങള്‍ അവശേഷിപ്പിക്കുന്നു...... മറ്റു ചിലപ്പോള്‍ ശക്തിയായി കുറെ താഢനങ്ങള്‍ ഏല്‍പ്പിക്കുന്നു.... തീരം കരഞ്ഞു കരഞ്ഞു കണ്ണുനീരില്‍ കുതിര്‍ന്നു നില്ക്കുന്നു.... തീരത്തേക്ക് വരുന്ന തിരയെ മാറിലേക്ക് ചെര്‍ക്കുന്നതല്ലാതെ, മൌനമായുള്ള ആ തെങ്ങലല്ലാതെ തിരയുടെ പ്രതികരണത്തില്‍ മറ്റൊന്നുമില്ല.... നോക്കൂ നമുക്കു പ്രതികരിക്കാന്‍ എന്തെന്തു മാര്‍ഗ്ഗങ്ങള്‍....??!!

അങ്ങനെ ഒരു പ്രതികരണമാണോ ദേഷ്യം?? പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ നമുക്ക് കടല്‍ തീരതത്തിനെ ഓര്‍ത്ത്കൂടെ?? എങ്കില്‍ ക്ഷമയോടെ എല്ലാം ഉള്‍കൊള്ളാം, എല്ലാം സഹിച്ചു നില്ക്കുന്ന തീരത്തെ പോലെ... അല്ലെങ്കില്‍ വരുക ഈ തീരത്ത്..... തിരകള്‍ സ്വാന്തനിപ്പിക്കും....അതിന്റെ ലോലമായ തലോടല്‍ തീരത്തെ സ്വാന്തനിപ്പിക്കും പോലെ.. അത് നമ്മളെയും.... ശാന്തമാക്കും....

പക്ഷെ, അതൊരു ഒളിച്ചു പോക്കല്ലേ? ? അതെ.... ദേഷ്യവും അതിന് കാരണമായ കാര്യവും നിലനില്ക്കുന്നു,.... അത് വീണ്ടും സാഹചര്യം ഒരുക്കും, എന്നിട്ട് പഴയത് പോലെ പിന്നെയും എത്തും..... അപ്പോള്‍??? പിന്നെന്താണൊരു പോംവഴി? വഴിയുണ്ടോ?? ഉണ്ടായിരിക്കും....!! എനിക്കും അറിയില്ല.... .. ഉണ്ടെങ്കില്‍, അതറിയുമെങ്കില്‍ എനിക്ക് പറഞ്ഞു തരണേ......